Skip to main content

പ്രവചനങ്ങളെ കാറ്റില്‍പറത്തി മഹീന്ദ്ര ഥാറിന്റെ വില പ്രഖ്യാപിച്ചു; ബുക്കിങ്ങ് ഇന്ന് മുതല്‍

2020-ൽ വാഹനപ്രേമികളെ ഏറ്റവുമധികം ആവേശം കൊള്ളിച്ച വാഹനം മഹീന്ദ്ര ഥാറിന്റെ രണ്ടാം തലമുറ മോഡലാണ്. ഓഗസ്റ്റ് 15-ന് വാഹനം അവതരിപ്പിക്കുകയും വില ഒക്ടോബർ രണ്ടിന് പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അറിയിച്ചതോടെ ഈ ദിവസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഥാർ ആരാധകർ. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് ഥാറിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ്.
 


പെട്രോൾ-ഡീസൽ എൻജിനുകളിലും ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന രണ്ടാം തലമുറ ഥാറിന് 9.80 ലക്ഷം മുതൽ 12.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. എ.എക്സ്, എൽ.എക്സ് എന്നീ രണ്ട് സീരീസിലാണ് ഥാർ എത്തുന്നത്. ഇത് എ.എക്സ് അഡ്വഞ്ചർ മോഡലും എൽ.എക്സ് ലൈഫ് സ്റ്റൈൽ മോഡലുമായിരിക്കും.

മുൻതലമുറ ഥാറിനെക്കാൾ പ്രീമിയം ലുക്ക് വരുത്തിയാണ് പുതിയ ഥാർ എത്തിയിട്ടുള്ളത്. ആഡംബര വാഹനത്തിന്റെ മുഖഭാവം നൽകുന്ന വലിപ്പം കുറഞ്ഞ് ആറ് സ്ലാറ്റുകളുള്ള ബ്ലാക്ക് ഗ്രില്ല്, അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡിആർഎൽ, ബോണറ്റിന് വശങ്ങളിലായി സ്ഥാനമുറപ്പിച്ച ഇന്റിക്കേറ്റർ, ഡ്യുവൽ ടോണിൽ സ്പോർട്ടി ഭാവമുള്ള ബംമ്പർ എന്നിവയാണ് മുൻവശം.

എ.എക്സ് വേരിയന്റിൽ 16 ഇഞ്ച് സ്റ്റീൽ വീലും എൽ.എക്സ് വേരിയന്റിൽ 18 ഇഞ്ച് അലോയി വീലുമാണ് വശങ്ങളിലെ ആകർഷണീയത. ബ്ലാക്ക് ഫിനീഷ് വീൽ ആർച്ച്, പുതിയ സൈഡ് മിറർ, വലിയ സൈഡ് ഗ്ലാസ് എന്നിവയും വശങ്ങൾ പ്രീമിയം ഭാവമൊരുക്കും. ഡോറിന്റെ മധ്യഭാഗത്തുള്ള സ്റ്റെപ്പിനി ടയർ, പുതിയ ടെയ്ൽ ലാമ്പ് എന്നിവയാണ് പിൻഭാഗത്തിന് പുതുമ നൽകുന്നത്.
 


പ്രീമിയം എസ്.യു.വികൾക്ക് സമാനമാണ് അകത്തളം. മികച്ച സപ്പോർട്ട് നൽകുന്ന സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വൃത്താകൃതിയിലുള്ള ഏസി വെന്റുകൾ, ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ് എന്നിങ്ങനെയാണ് സെന്റർ കൺസോൾ. ഗിയർ ലിവറും, ഡ്രൈവ് മോഡിന്റെ ലിറവും, ഹാൻഡ് ബ്രേക്കും, പവർ വിൻഡോ കൺട്രോൾ യൂണിറ്റുമാണ് മുൻനിര സീറ്റുകൾക്കിടയിൽ നൽകിയിട്ടുള്ളത്.

2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിനുകളിലാണ് ഥാർ എത്തുന്നത്. പെട്രോൾ എൻജിൻ 150 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും, ഡീസൽ എൻജിൻ 130 ബിഎച്ച്പി പവറും 300 എൻഎം ടോർക്കുമേകും. മാനുവൽ ട്രാൻസ്മിഷനൊപ്പം എൽ.എക്സ് വേരിയന്റിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകും.
 


ഫോർ വീൽ ഡ്രൈവ് സംവിധാനമാണ് രണ്ടാം തലമുറയിലെ മറ്റൊരു ഹൈലൈറ്റ്. ഫോർ വീൽ ഡ്രൈവ് ലോ, ഫോർ വീൽ ഡ്രൈവ് ഹൈ, ടൂ വീൽ ഡ്രൈവ് എന്നിവയാണ് ഇതിലെ മോഡുകൾ. മുന്നിൽ ഇന്റിപെൻഡന്റ് സസ്പെൻഷനും പിന്നിൽ മൾട്ടി ലിങ്ക് യൂണിറ്റുമാണ് ഈ വാഹനത്തിൽ സസ്പെൻഷൻ ഒരുക്കുന്നത്. 226 എംഎം ഗ്രൗണ്ട് ക്ലിയറൻസിനൊപ്പം 650 എംഎം വാട്ടർ വാഡിങ്ങ് കപ്പാസിറ്റിയും നൽകിയിട്ടുണ്ട്.

Content Highlights: Mahindra Announce Price Of Second Generation Thar; Booking Opens
😊 Thanks for Visit.😊

Post a comment

0 Comments